തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ നിയമനങ്ങളിൽ കഴിഞ്ഞ ഒരു ദശകമായി തുടരുന്ന ഗുരുതരമായ ക്രമക്കേടുകൾ, അഴിമതികൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയെക്കുറിച്ചും പിഎസ്സി അംഗങ്ങളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ‘സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി’സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സമിതി ചെയർമാൻ ആർ. എസ്. ശശികുമാർ ഗവർണർക്കും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിശദമായ നിവേദനം നൽകി.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പിഎസ്സിയുടെ സുതാര്യതയെയും വിശ്വാസ്യതയെയും തകർക്കുന്ന തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് അടുത്തിടെയായി പുറത്തുവന്നിട്ടുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫീസർ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളിൽ കുഫോസ് സർവകലാശാലയിലെ എസ്എഫ്ഐ നേതാക്കൾക്കു വലിയ തോതിൽ മുൻഗണന ലഭിച്ചു.
ആകെ നടത്തിയ 44 നിയമനങ്ങളിൽ 38 പേരും കുഫോസിലെ വിദ്യാർഥികളാണ്. ചോദ്യപേപ്പർ തയാറാക്കിയതിലും ഇന്റർവ്യൂ ബോർഡിലും ഈ സർവകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്.
മറ്റ് സർവകലാശാലകളിലെ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളെ ബോധപൂർവം ഒഴിവാക്കിയ ഈ സംഭവത്തിൽ, വകുപ്പുതലത്തിന് പുറത്തുള്ള ഏജൻസി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർതന്നെ ശിപാർശ ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതിനുപുറമേ, പ്ലാനിംഗ് ബോർഡിലെ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഉത്തരക്കടലാസുകൾ കൃത്യമായി മൂല്യനിർണയം നടത്തിയില്ലെന്നും ആരോപണമുണ്ട്.
രാഷ്ട്രീയസ്വാധീനമുള്ളവർക്ക് ഒന്നാം റാങ്ക് നൽകാൻ റാങ്ക് ലിസ്റ്റ് ധൃതിപിടിച്ച് പ്രസിദ്ധീകരിച്ചതായും പരാതി ഉയർന്നുകഴിഞ്ഞു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, ഡിവൈഎസ്പി (സ്പെഷൽ റിക്രൂട്ട്മെന്റ്), ലോ കോളജ് അസിസ്റ്റന്റ് പ്രഫസർ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്), സർവകലാശാല പിആർ എന്നിവയിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും പരീക്ഷാ സബ് കമ്മിറ്റികളെ മറികടന്നും കടുത്ത ക്രമക്കേടുകൾ നടത്തിയതായി ആക്ഷേപമുണ്ട്.
പിഎസ്സിയിലെ ചെയർമാനും അംഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഉപജാപക സംഘമാണ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സിനെ നിയോഗിക്കുന്നതെന്നും ചോദ്യങ്ങൾ കാലേകൂട്ടി ലഭിക്കാൻ വഴിയൊരുക്കുന്നതിലൂടെയാണ് എഴുത്തുപരീക്ഷകളിൽ കൃത്രിമം നടക്കുന്നതെന്നും ആരോപണമുണ്ട്.